സത്യവും വികസനവും ഹരിയാനയിൽ ജയിച്ചു; കോൺഗ്രസിന് ജനങ്ങൾ നോ എൻട്രി ബോർഡ് വച്ചുവെന്ന് പ്രധാനമന്ത്രി
Tuesday, October 8, 2024 8:57 PM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരം പിടിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധനചെയ്തു. ബിജെപി ആസ്ഥാനത്തയിരുന്നു മോദി പ്രവർത്തകരെ അഭിസംബോധനചെയ്തത്.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യവും വികസനവുമാണ് ഹരിയാനയിൽ വിജയിച്ചത്. ബിജെപിക്ക് ഹരിയാനയിൽ സീറ്റുകളുപടെ എണ്ണവും വോട്ടും വർധിച്ചു. വീണ്ണും വീണ്ടും ബിജെപിയെ ജനങ്ങൾ തെരഞ്ഞെടുക്കുന്നുവെന്നും മോദി പറഞ്ഞു.
കോൺഗ്രസിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് മോദി ഉയർത്തിയത്. കോൺഗ്രസ് എവിടെയങ്കിലും ഭരണ തുടർച്ച നേടിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. എവിടെയൊക്കെ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്നോ അവിടെയൊക്കെ ദീർഘകാലം ജനങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നു.
കോൺഗ്രസിന് ജനങ്ങൾ നോ എൻട്രി ബോർഡ് വച്ചിരിക്കുകയാണ്. ജാതിയുടെ പേരിൽ കോൺഗ്രസ് ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ഹരിയാനയിലെ ദളിതരേ കോൺഗ്രസ് അപമാനിച്ചു.
100 വർഷം അധികാരം കിട്ടിയാലും കോൺഗ്രസ് ദളിതരെയോ ആദിവാസിയെയോ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരയോ പ്രധാനമന്ത്രി ആക്കില്ല. വോട്ട് ബാങ്കുകളെ മാത്രം സംതൃപ്തിപ്പെടുത്തുകയാണ് ഹരിയാനയിൽ കോൺഗ്രസ് ചെയ്തത്.
കർഷകരെ തെറ്റിധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ആ ശ്രമങ്ങളെ ഹരിയാനയിലെ കർഷകർ തള്ളിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ രാജ്യത്തെ ദുർബലപ്പുടുത്താൻ ശ്രമിക്കുന്നു.
സഖ്യ കക്ഷികളുടെ കനിവിലാണ് കോൺഗ്രസ് ജീവിക്കുന്നത്. സഖ്യ കക്ഷികളില്ലാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥിതിയായി. ജമ്മു കാഷ്മീരിൽ കണ്ടതും അതാണ്. കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയാണ്. അർബൻ നക്സലുകളുമായി ചേർന്ന് ഭീതിപരത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും മോദി വിമർശിച്ചു.