കേന്ദ്ര സര്‍ക്കാർ ജോലി വാഗ്ദാന തട്ടിപ്പ്: ഡിവൈഎഫ്ഐ വനിതാ നേതാവ് തട്ടിയത് രണ്ട് കോടി
Tuesday, October 8, 2024 4:48 PM IST
കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവവധി പേരിൽനിന്നു ഡിവൈഎഫ്ഐ നേതാവായ അധ്യാപിക തട്ടിയെടുത്തത് രണ്ടുകോടി രൂപയെന്ന് പോലീസ്. കുമ്പള കിദൂര്‍ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ (24) പരാതിയിൽ അധ്യാപികയായ സചിത റൈയ്ക്കെതിരേ കുന്പള പോലീസ് കേസെടുത്തിരുന്നു.
തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തതായി വിവരം ലഭിക്കുന്നത്. ബിരുദധാരിയായ നിഷ്മിതയ്ക്ക് കാര്‍ഷിക ഗവേഷണ സ്ഥാപനമായ സിപിസിആര്‍ഐയില്‍ (കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം) ജോലി വാഗ്ദാനം ചെയ്ത് 15.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
2023 മേയ് 31 മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള കാലയളവില്‍ നിരവധി തവണകളായി ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയുമാണ് പണം കൈമാറിയിട്ടുള്ളത്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് മറ്റൊരാളില്‍ നിന്നു വലിയൊരു തുക തട്ടിയെടുത്തതായി ആരോപണമുണ്ട്.
വാഗ്ദാനം ചെയ്ത ജോലി ഉറപ്പിക്കാന്‍ ബിജെപിയുമായി ബന്ധമുള്ള കര്‍ണാടക സ്വദേശിക്ക് 75 ലക്ഷം രൂപ സചിത കൈമാറിയതായും ഇതിന്റെ ചെക്ക് അവര്‍ വാങ്ങിവച്ചതായും സൂചനയുണ്ട്. മുമ്പ് അംഗഡിമൊഗര്‍ ജിഎച്ച്എസ്എസില്‍ താത്കാലിക അധ്യാപികയായിരുന്ന സചിത പിന്നീട് മാനേജ്മെന്റ് സ്കൂളായ ബാഡൂര്‍ എഎല്‍പിഎസില്‍ സ്ഥിരം അധ്യാപികയായി ജോലിക്ക് കയറി.
മറ്റൊരാളില്‍നിന്നാണ് സചിതയെക്കുറിച്ച് അറിയുന്നതെന്നും കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചുമാണ് ആവശ്യപ്പെട്ട തുക നല്‍കിയതെന്നും ഒരു അധ്യാപിക തന്നെ ചതിക്കുമെന്ന് കരുതിയില്ലെന്നും നിഷ്മിത പറഞ്ഞു.
കടുത്ത ആര്‍എസ്എസ്-ബിജെപി വിമര്‍ശക, മികച്ച കന്നഡ പ്രാസംഗിക എന്നീ നിലകളില്‍ ശ്രദ്ധേയായ സചിത മഞ്ചേശ്വരം മേഖലയിലെ സിപിഎമ്മിന്റെ യുവനേതാക്കളില്‍ പ്രമുഖയാണ്. ബാലസംഘത്തിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സചിത അതിന്റെ സംസ്ഥാന കമ്മിറ്റിയംഗവുമായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, ബ്ലോക്ക് കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയെ വിവാഹം ചെയ്ത സചിത ഇപ്പോള്‍ പ്രസവാവധിയിലാണുള്ളത്. നിലവില്‍ കോഴിക്കോട് താമസിക്കുന്നതിനാല്‍ സചിതയെ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒരാഴ്ച മുമ്പ് നീക്കം ചെയ്തതായും അവര്‍ക്കെതിരെ ഉയര്‍ന്ന പരാതികളെക്കുറിച്ച് അറിയില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു.