രാഷ്ട്രീയ ഗോദയിൽ "സ്വർണം'; ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്
ക്രിസ്റ്റോമോൻ തോമസ്
Tuesday, October 8, 2024 3:02 PM IST
ന്യൂഡൽഹി: രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തിൽ വിജയം കൊയ്ത് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്സിൽ നിർഭാഗ്യവശാൽ മെഡൽ നഷ്ടമായ താരത്തിന് ജുലാന മണ്ഡലത്തിൽ നിന്ന് മികച്ച വിജയമാണ് നേടാൻ കഴിഞ്ഞത്.
ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ കോൺഗ്രസിലെ പല പ്രമുഖരും തോറ്റപ്പോൾ 6015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് താരം വിജയക്കൊടി പാറിച്ചത്. പാരീസിൽ നിന്ന് തിരിച്ചെത്തിയ വിനേഷിന് ജന്മനാട്ടിൽ നൽകിയ സ്വീകരണമാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നത്.
താരത്തിനോടുള്ള ജനങ്ങളുടെ താത്പര്യം മനസിലാക്കിയ രാഹുൽ ഗാന്ധി നേരിട്ട് വിനേഷ് ഫോഗട്ടിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. റെയിൽവേയിലെ ജോലി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വിനേഷിനെ പാർട്ടി ഒരു ദൗത്യം ഏൽപ്പിച്ചു. ജുലാന മണ്ഡലം തിരിച്ചു പിടിക്കുക എന്നതായിരുന്നു ദൗത്യം.
ഗോദയിലെ മെയ്വഴക്കത്തോടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ താരം പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു. ബിജെപി നേതാവും വ്യോമസേന മുൻ ഉദ്യോഗസ്ഥനുമായിരുന്ന ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെ മലർത്തിയടിച്ചാണ് രണ്ട് പതിറ്റാണ്ടിനു ശേഷം മണ്ഡലത്തിൽ കോൺഗ്രസിന്റെ ത്രിവർണ കൊടി പാറിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കത്തില് മുന്നേറിയ വിനേഷ് പിന്നീട് പിന്നിൽ പോയെങ്കിലും അവസാന റൗണ്ടിൽ കുതിച്ചു കയറുകയായിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺസിംഗിനെതിരെ നടത്തിയ സമരമാണ് വിനേഷിന്റെ തലവര മാറ്റിയത്. അതുവഴി രാഷ്ട്രീയ ഗോദയിലേക്കുള്ള അരങ്ങേറ്റത്തിനും വഴി തെളിഞ്ഞു.
2004 ലാണ് അവസാനമായി ജുലാന മണ്ഡലത്തിൽ നിന്ന് ഒരു കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി 10 ശതമാനത്തിൽ താഴെ മാത്രം വോട്ടു നേടിയ മണ്ഡലമാണ് ഇത്തവണ കോൺഗ്രസ് കടുത്തപോരാട്ടത്തിൽ പിടിച്ചെടുത്തത്.
ബ്രിജ്ഭൂഷണിനെതിരേ ഡൽഹിയിലെ തെരുവിൽ സമരം ചെയ്തോടെയാണ് വിനേഷ് ഫോഗട്ട് ബിജെപി നേതാക്കളുടെ കണ്ണിലെ കരടായി മാറിയത്. തെരുവിൽ തങ്ങളെ വെല്ലുവിളിച്ച താരത്തിനെ എങ്ങനെയും തോൽപ്പിക്കാൻ പടിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും ജുലാന മണ്ഡലത്തിലെ വോട്ടർമാർ തങ്ങളുടെ പ്രിയ താരത്തിനെ കൈവിടാൻ തയാറായിരുന്നില്ല.
അങ്ങനെ രാഷ്ട്രീയ ഗോദയിലെ തന്റെ കന്നിപ്പോരാട്ടത്തിൽ "സ്വർണ മെഡൽ' നേടാനും വിനേഷിനു കഴിഞ്ഞു.