അടിയന്തര പ്രമേയത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷം; വിട്ടുനിന്ന് മുഖ്യമന്ത്രി, സഭയിൽ വാഗ്വാദം
Tuesday, October 8, 2024 2:06 PM IST
തിരുവനന്തപുരം: ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് തൊണ്ടവേദനയും പനിയുമാണെന്നും ഡോക്ടര്‍മാര്‍ വോയ്സ് റസ്റ്റ് നിര്‍ദേശിച്ചുവെന്നും സ്പീക്കര്‍ എ.എൻ ഷംസീര്‍ സഭയെ അറിയിച്ചു.
നേരത്തെ, നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ 12 മണിക്ക് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചത്.
ഇതിനു പിന്നാലെ സ്പീക്കറും പ്രമേയ അവതാരകനായ മുസ്ലിം ലീഗ് എംഎൽഎ എൻ. ഷംസുദ്ദീനും തമ്മില്‍ വാഗ്വാദവും നടന്നു. രാവിലെ നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രിക്ക് പെട്ടെന്ന് അനാരോഗ്യം വന്നത് യാദൃച്ഛികമായിരിക്കാമെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞപ്പോള്‍ ആര്‍ക്കും അസുഖം വരാമല്ലോ എന്നും ഇത്തരം സംസാരം വേണ്ടെന്നും സ്പീക്കര്‍ രൂക്ഷമായി പ്രതികരിച്ചു.
ഇന്നുതന്നെ മുഖ്യമന്ത്രിക്ക് അസുഖം വന്നല്ലോ എന്നു ഷംസുദ്ദീൻ പരിഹസിച്ചതിനു പിന്നാലെ ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി.
എഡിജിപി എം.ആർ. അജിത് കുമാർ നിരന്തരം ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന് ഷംസുദ്ദീൻ സഭയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായാണ് അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത്. അതുകൊണ്ട് എന്തിന് പോയെന്ന് എഡിജിപിയോട് ആരും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം സഭയിൽ ഉയർത്തിയ ഷംസുദ്ദീൻ മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവർത്തനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മലപ്പുറത്തെ പാവപ്പെട്ട മനുഷ്യർ എന്തു പിഴച്ചുവെന്ന് മുഖ്യമന്ത്രി പറയണം. കരിപ്പൂരിൽ സ്വർണക്കടത്തുണ്ടെങ്കിൽ എന്തുകൊണ്ട് തടയുന്നില്ലെന്നും അദ്ദേഹം ചോദ്യമുയർത്തി.
മലപ്പുറത്തെ മുഖ്യമന്ത്രി സംശയ നിഴലിൽ നിർത്തി. മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ അപമാനിക്കുകയാണ്. ഭൂരിപക്ഷ പ്രീണന നയത്തിലേക്ക് സിപിഎം മാറി. ആരെ പ്രീണിപ്പിക്കാനാണ് ഡൽഹിയിൽ പോയി അഭിമുഖം നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബിജെപി- സിപിഎം അന്തർധാര വ്യക്തമാണെന്നും ഷംസുദ്ദീൻ പറഞ്ഞു.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. ഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും ഷംസുദ്ദീന് പറഞ്ഞു.