എടിഎം കവർച്ച സംഘത്തെ ചോദ്യം ചെയ്യാൻ ആന്ധ്രാ പോലീസും തൃശൂരിൽ
സ്വന്തം ലേഖകൻ
Tuesday, October 8, 2024 1:41 PM IST
തൃശൂർ: മൂന്ന് എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിൽ കേരള പോലീസ് കസ്റ്റഡിയിലെടുത്ത ഹരിയാന സ്വദേശികളായ കവർച്ച സംഘത്തെ ആന്ധ്രപ്രദേശ് പോലീസ് തൃശൂരിലെത്തി ചോദ്യം ചെയ്തു. രണ്ടുമാസം മുന്പ് ആന്ധ്രയിൽ നടന്ന എടിഎം കവർച്ചകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.
ഓഗസ്റ്റ് 18ന് ആന്ധ്രയിലെ രണ്ട് എടിഎമ്മുകളിൽ നിന്നായി 39 ലക്ഷം കവർന്ന കേസിലായിരുന്നു നടപടി. തൃശൂർ ടൗണ് ഈസ്റ്റ് സ്റ്റേഷനിൽ എത്തിയാണ് കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങിയ തൃശൂർ എടിഎം കവർച്ചാ കേസിലെ അഞ്ച് പ്രതികളെ ആന്ധ്ര പോലീസ് ചോദ്യം ചെയ്തത്.
ആന്ധ്രയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അഞ്ച് എടിഎമ്മുകളിൽ നിന്നായി ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ തമിഴ്നാട് പോലീസ് പിടികൂടിയ ഈ സംഘം തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്നും ആന്ധ്രയിൽ നിന്നെത്തിയ പോലീസ് സംഘം പറഞ്ഞു. ആന്ധ്രയിലെ പർവാസ, കാപ്പിൻപോട്ട സ്റ്റേഷൻ പരിധികളിലുള്ള എടിഎമ്മുകളിൽ നടന്ന കവർച്ചകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് ആന്ധ്ര പോലീസ് തൃശൂരിലെത്തിയത്.
ഈ രണ്ടിടങ്ങളിലെ ഒരു എടിഎമ്മിൽ നിന്ന് 19 ലക്ഷവും മറ്റൊന്നിൽനിന്ന് 29 ലക്ഷവുമാണ് കവർന്നത്. തൃശൂരിൽ ഒന്നര മണിക്കൂറുകൾക്കുള്ളിൽ മൂന്നു എടിഎമ്മുകൾ തകർത്ത് 69 ലക്ഷത്തിലധികം രൂപയാണ് ഹരിയാന സ്വദേശികളായ പ്രതികൾ കവർന്നത്.
പണവുമായി രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിലെ നാമക്കലിൽ വച്ച് തമിഴ്നാട് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ പിടിയിലായത്. ഏറ്റുമുട്ടലിൽ കവർച്ചാ സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും ഒരാൾ പരിക്കേറ്റ് ആശുപത്രിയിലുമാണ്.
പിടിയിലായ എടിഎം കവർച്ചാ സംഘത്തെ തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങൾ തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പല എടിഎം കവർച്ചകളിലും പിടിയിലായ ഈ സംഘത്തിന് പങ്കുണ്ടെന്നാണ് വിവരം.
സംഘത്തെ ആദ്യം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകൊടുത്തത് തൃശൂർ ഈസ്റ്റ് പോലീസിനാണ്. കസ്റ്റഡിയിൽ വിട്ടുകിട്ടിയ സംഘത്തെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും കഴിഞ്ഞ ദിവസം നടത്തുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തേക്കാണ് ഇവരെ കേരള പോലീസിന് കസ്റ്റഡിയിൽ കിട്ടിയിട്ടുള്ളത്.
ഒറ്റ നോട്ടുപോലും കത്താതെ ഗ്യാസ് കട്ടർ ഉപയോഗിക്കുന്നതിൽ വിദഗ്ധർ
എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തി തമിഴ്നാട്ടിൽ അറസ്റ്റിലായ സംഘം നോട്ടു കത്താതെ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റുന്നതിൽ സ്പെഷ്യലൈസ് ചെയ്തവർ. തൃശൂരിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്പോഴാണ് പോലീസിന് ഇവരുടെ കട്ടിംഗിന്റെ വൈദഗ്ധ്യം മനസിലായത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം ട്രേകളും മറ്റും അറുത്തുമാറ്റുന്പോൾ എടിഎമ്മിനകത്തെ നോട്ടുകൾ ഗ്യാസ് കട്ടറിൽ നിന്നുള്ള തീ കാരണം കത്തിനശിക്കാൻ സാധ്യതയേറെയാണ്. എന്നാൽ ഒറ്റ നോട്ടുപോലും കത്താതെ എടിഎമ്മിനകത്തെ മുഴുവൻ പണവും ഒരു തീപ്പോറൽ പോലുമേൽക്കാതെ കവർന്നെടുക്കാൻ മിടുക്കുള്ളവരാണ് ഈ സംഘം.
കേടുവന്ന എടിഎമ്മുകളിൽ ഇവർ മോഷണത്തിന്റെ ട്രയൽ റണ്ണുകൾ നടത്തിയിരുന്നു. ഇതിനകത്ത് കടലാസുകൾ നോട്ടുകൾ പോലെ നിറച്ച് അവ കത്താതെ എടുക്കാൻ പരിശീലനം നേടിയാണ് ഇവർ ഫൈനൽ ഓപ്പറേഷന് ഇറങ്ങിത്തിരിക്കാറുള്ളതെന്നാണ് വിവരം.
ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതികൾ
പോലീസിന്റെ കസ്റ്റഡിയിലുള്ള അഞ്ചംഗ കവർച്ചാസംഘം തൃശൂർ പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ തന്ത്രം പയറ്റുന്നു. ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തപ്പോഴെല്ലാം പ്രതികൾ തങ്ങൾക്കൊന്നുമറിയല്ല, സംഘാംഗങ്ങളെ പരിചയമില്ല തുടങ്ങിയ മറുപടികളാണ് നൽകുന്നത്.
തെളിവുകളും സിസിടിവി കാമറ ദൃശ്യങ്ങളുമെല്ലാം നിരത്തി പോലീസ് ചോദ്യം ചെയ്യുന്പോൾ അതിന് കൃത്യമായ ഉത്തരം നൽകാതെയാണ് പ്രതികൾ പെരുമാറുന്നത്. എന്നാൽ പ്രതികളുടെ മൊഴികളേക്കാളും കുറ്റസമ്മതത്തേക്കാളും നിർണായകമായി വിരലടയാളങ്ങളടക്കമുള്ള തെളിവുകൾ ലഭിച്ചതിനാൽ പ്രതികൾക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.
കസ്റ്റഡി കാലാവധി കഴിഞ്ഞാൽ പ്രതികളെ കനത്ത സുരക്ഷയിൽ തന്നെ തിരിച്ച് തമിഴ്നാട്ടിലെത്തിക്കേണ്ട ചുമതലയും കേരള പോലീസിനുണ്ട്.