മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു
Tuesday, October 1, 2024 5:01 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ദി ഹിന്ദു. ഹിന്ദു എഡിറ്ററാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്കിയത്. മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു അറിയിച്ചു.
സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് ദി ഹിന്ദു റിപ്പോർട്ട്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല വരികളിൽ ഉള്ളത്. കള്ളക്കടത്ത് സ്വർണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമർശിച്ചിട്ടില്ല. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ച കത്തിൽ പറയുന്നു.