പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 48 രൂപ
Tuesday, October 1, 2024 10:03 AM IST
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ വില സിലിണ്ടറിന് 1,749 രൂപയായി. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല.
ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,740 രൂപയും മുംബൈയില്‍ 1,692 രൂപയും കോല്‍ക്കത്തയില്‍ 1,850 രൂപയും ചെന്നൈയില്‍ 1,903 രൂപയുമായാണ് വില ഉയര്‍ന്നത്. മൂന്ന് മാസത്തിനിടെ മാത്രം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 100 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടര്‍ ഒന്നിന് 30 രൂപ കുറച്ചിരുന്നു. പിന്നാലെ, ഓഗസ്റ്റില്‍ 8.50 രൂപ കൂട്ടി. ഇതിന് പിന്നാലെ സെപ്റ്റംബറിലും 39 രൂപ വര്‍ധിപ്പിച്ചു. സെപ്റ്റംബറിലും വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചപ്പോൾ ഗാര്‍ഹിക സിലിണ്ടറുകളുടെ വില പുതുക്കിയിരുന്നില്ല.
കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 812 രൂപയാണ് വില. 2024 മാര്‍ച്ച് മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.