ലബനനിൽ കരയാക്രമണം ആരംഭിച്ച് ഇസ്രയേൽ
Tuesday, October 1, 2024 6:35 AM IST
ബെയ്റൂട്ട്: വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലബനനിൽ കരയാക്രമണം ആരംഭിച്ച് ഇസ്രയേൽ. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് കരയുദ്ധമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
കരയുദ്ധത്തിന് തയാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. രാത്രി മുഴുവൻ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ തെക്കൻ തുറമുഖനഗരമായ ടയറിലെ അൽ-ബസ് അഭയാർഥി ക്യാമ്പിനു നേർക്കു നടന്ന ആക്രമണത്തിൽ ഹമാസ് കമാൻഡർ ഫത്ത ഷരീഫ് കൊല്ലപ്പെട്ടിരുന്നു. പലസ്തീനു പുറത്തുള്ള കമാൻഡിലെ അംഗമായിരുന്ന ഷരീഫ് ലബനൻ കേന്ദ്രമായാണു പ്രവർത്തിച്ചിരുന്നത്.
സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പാർപ്പിട സമുച്ചയം തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണു വ്യോമാക്രമണമുണ്ടായത്. ഹസൻ നസറുള്ളയുൾപ്പെടെ നിരവധി ഹിസ്ബുള്ള നേതാക്കളെ വധിച്ച ആക്രമണങ്ങൾക്കു പിന്നാലെയാണ് ഇസ്രയേൽ സെൻട്രൽ ബെയ്റൂട്ടിനെയും ലക്ഷ്യംവച്ചത്.
അടുത്തിടെ സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയിരുന്നെങ്കിലും സെൻട്രൽ ബെയ്റൂട്ടിനെ ലക്ഷ്യംവച്ചിരുന്നില്ല.
ഞായറാഴ്ച നടന്ന വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. തെക്കൻ ബെയ്റൂട്ടിലെ സിദോനിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
ബാൽബെക് ഹെർമലിന്റെ വടക്കൻ പ്രവിശ്യയിലെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. പത്തു ലക്ഷത്തോളം പേർ പലായനം ചെയ്തു.