റിയാസിനെ രണ്ടാമനാക്കാനുള്ള മോഹം നടക്കാൻ പോകുന്നില്ല: പി.വി.അൻവർ
Friday, September 27, 2024 9:01 AM IST
തിരുവനന്തപുരം: തനിക്ക് എതിരേ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും പി.വി.അൻവർ. ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണെന്നും അൻവർ പ്രതികരിച്ചു.
മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചു. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പാര്‍ട്ടിക്കുള്ളില്‍ മുഹമ്മദ് റിയാസിനെ രണ്ടാമനാക്കണമെന്ന് മുഖ്യമന്ത്രിക്കും റിയാസിനും ആഗ്രഹമുണ്ടെങ്കിലും ആ മോഹം നടക്കാന്‍ പോകുന്നില്ല. പാര്‍ട്ടി സെക്രട്ടറി നിസഹായനാണെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ മുഖ്യമന്ത്രിക്ക് ഭയമാണ്. എഡിജിപി അജിത്കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ടും നടപടി സ്വീകരിച്ചില്ല. ജനങ്ങള്‍ തന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും അൻവർ പറഞ്ഞു.