രാഹുൽ ഗാന്ധിയോട് ബഹുമാനം; പി.വി.അൻവർ
Thursday, September 26, 2024 7:21 PM IST
മലപ്പുറം: എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച പി.വി.അൻവർ എംഎൽഎ രാഹുൽ ഗാന്ധിയെ പുകഴ്ത്തി. ഗാന്ധി കുടുംബത്തോടും രാഹുൽ ഗാന്ധിയോടും തനിക്ക് ബഹുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരായ ഡിഎൻഎ പരാമർശത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി നിരന്തരം ചോദിച്ചതുകൊണ്ടാണ് അന്ന് അത്തരം പരാമർശം നടത്തേണ്ടി വന്നതെന്ന് അൻവർ വിവരിച്ചു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമർശനം നടത്തിയതുകൊണ്ടാണ് രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് താൻ തിരിച്ചടിച്ചതെന്നും അൻവർ വിവരിച്ചു.
തന്നെ സംബന്ധിച്ചടുത്തോളം രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി 1991 ൽ കേരളത്തിൽ വന്നപ്പോൾ തന്റെ വാപ്പയുടെ കാറിലായിരുന്നു എന്ന ഓർമ്മയും പങ്കുവച്ചു.
കോൺഗ്രസിന്റെ അടിസ്ഥാനപരമായ തത്വങ്ങളിൽ വ്യതിയാനം വന്നതോടെയാണ് പാർട്ടി വിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്നത്. ആ സെക്യുലർ പാർട്ടി നിലപാട് നഷ്ടമാക്കി. വ്യക്തിപരമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ആർഎസ്എസിനും ബിജെപിക്കും അടിയറവ് പറഞ്ഞിരിക്കുകയാണ്.
അങ്ങനെയുള്ള പാർട്ടിയിൽ താൻ ഉണ്ടാകില്ലെന്നും പി.വി.അൻവർ പറഞ്ഞു. രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണെന്നും തന്റെ പാരമ്പര്യം അതാണെന്നും അൻവർ പറഞ്ഞു.