പാർട്ടിയിൽ റിയാസ് മാത്രം മതിയോ?; പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും: പി.വി.അൻവർ
Thursday, September 26, 2024 6:21 PM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ എംഎൽഎ. ഉന്നത നേതാക്കൾക്ക് പാർട്ടിയിൽ എന്തുമാകാം എന്ന അവസ്ഥയാണ്. പാർട്ടിയിൽ അടിമത്തം നില നിൽക്കുകയാണ്. സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ സംസാരിക്കാൻ അവസരമില്ല.
മരുമകനുവേണ്ടിയാകും മുഖ്യമന്ത്രി പലരെയും സംരക്ഷിക്കുന്നത്. പാർട്ടിയിൽ റിയാസ് മാത്രം മതിയോ എന്ന് ചിന്തിക്കണം. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന കാര്യം പോലും അദ്ദേഹം അറിയുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഇങ്ങനെ പോയാൽ പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അൻവർ പറഞ്ഞു.
അങ്കിൾ എന്നാണ് അജിത് കുമാർ മുഖ്യമന്ത്രിയെ വിളിക്കുന്നത്. എങ്ങനെ ഇവര്‍ തമ്മില്‍ ഈ ബന്ധമുണ്ടായെന്നും പി.വി. അൻവര്‍ എംഎല്‍എ ചോദിച്ചു. ഉന്നത നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. പിണറായിയെ നയിക്കുന്നത് ഉപജാപ സംഘങ്ങളാണ്. ഒരു റിയാസിന് വേണ്ടി മാത്രമല്ല ഈ പാര്‍ട്ടി. ഈ പാർട്ടി ഇവിടെ നിലനിൽക്കണം.
ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ ആലോചിക്കട്ടെ. എന്തേ പാർട്ടിക്ക് ഇടപെടാൻ സാധിക്കാത്തത്? കേരളത്തിലെ പ്രിയപ്പെട്ട സഖാക്കൾക്ക് പാർട്ടിക്ക് കൊടുത്ത കത്തിന്റെ കോപ്പി ഞാൻ തരും. പ്രിയപ്പെട്ട സഖാക്കൾ പരിശോധിക്ക്. എന്നിട്ട് നിങ്ങൾ കല്ലെറിയ്. പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ മകൻ പുത്തൻവീട്ടിൽ അൻവർ ഇതുകൊണ്ട് ആളാവനല്ല വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുന്നത് ഒരു അഗ്നിപർവത്തിന്റെ മുകളിലാണ്. കെട്ടവരുടെ കൈയിൽ നിന്ന് നല്ലവരുടെ കൈയിലേക്ക് ഈ പാർട്ടി വന്നേക്കാം. മുഖ്യമന്ത്രി അറിവില്ലാതെ ഈ തോന്ന്യവാസം നടക്കുമോ? പബ്ലിക്ക് ആയിട്ടല്ലേ കരിപ്പുരിൽ നിന്നും സ്വർണം അടിച്ചുകൊണ്ടുപോകുന്നത്.
കേരളത്തിൽ ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർട്ടി. പാർട്ടി എന്നു പറയുന്നത് പാർട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേൽക്കൂര മാത്രമാണ് പാർട്ടി നേതാക്കൾ. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പർ നേതാക്കളാണ്. കാലിൽ കൂച്ചുവിലങ്ങുണ്ട്. മുഖ്യമന്ത്രിയോട് പരിപൂർണമായും ബഹുമാനമുണ്ട്. മക്കളെ തള്ളിപ്പറയും. ഓന് കുറച്ച് മൂപ്പ് അധികമാണെന്ന് പറഞ്ഞാൽ സമ്മതിക്കാം.
ഉമ്മാക്കി കാണിക്കാൻ ആരും വരേണ്ട. ഞാൻ ഈ ഭൂമിയിൽ ആരോടെങ്കിലും കീഴ്പ്പെടുന്നുണ്ടെങ്കിൽ ദൈവത്തിനും പാവപ്പെട്ട മനുഷ്യർക്കും വേണ്ടിയായിരിക്കും. ശശിയെ കുറിച്ച് എന്താണ് മുഖ്യമന്ത്രി മനസിലാക്കാത്തത് ? ഒരാൾക്കും അയാളെ കുറിച്ച് അഭിപ്രായമില്ല. മുഖ്യമന്ത്രിക്ക് മാത്രം എന്താണ് വേറൊരു അഭിപ്രായം. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാൻ ഒരു അർഹതയുമില്ല.
സൺ ഇൻ ലോ ആയിരിക്കും അജിത് കുമാറിനെ സംരക്ഷിക്കാൻ കാരണം. ഈ ഒരു മനുഷ്യനു വേണ്ടി പാർട്ടി സംവിധാനം തകർക്കരുത്. അതിനു പാർട്ടി സംവിധാനം കൂട്ടുനിൽക്കണമോ? റിയാസിനു വേണ്ടി അൻവറിന്റെ നെഞ്ചത്തോട്ട് വന്നാൽ നടക്കില്ലെന്ന് അൻവർ പറഞ്ഞു.