കളി മതിയാക്കി ഷാക്കിബ്; ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
Thursday, September 26, 2024 3:49 PM IST
കാൺപുർ: രാജ്യാന്തര ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി കാൺപൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുപ്പത്തേഴുകാരനായ താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് ഷാക്കിബ് വ്യക്തമാക്കി. സ്വന്തം കാണികൾക്ക് മുന്നിൽ അവസാന മത്സരം കളിക്കുകയാണ് തന്റെ ആഗ്രഹം. എന്നാൽ, സുരക്ഷാ ആശങ്കയെ തുടർന്ന് തന്റെ ആഗ്രഹം സഫലമായില്ലെങ്കിൽ വെള്ളിയാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരത്തോടുകൂടി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ട്വന്റി-20 ലോകകപ്പോടെ രാജ്യാന്തര ട്വന്റി-20 ഫോർമാറ്റിൽനിന്ന് വിരമിച്ചതാണെന്നും ഷാക്കിബ് അറിയിച്ചു. 2025-ലെ ചാംപ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കുമെന്ന് താരം വ്യക്തമാക്കി.
2007-ൽ ഇന്ത്യയ്ക്കെതിരേ ആയിരുന്നു ഷാക്കിബിന്റെ ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് ഷാക്കിബ് അൽ ഹസൻ. 69 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി അഞ്ചു സെഞ്ചുറികളും 31 അർധസെഞ്ചുറികളുമടക്കം 4,600 റൺസ് നേടിയിട്ടുണ്ട് താരം. 217 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ബൗളിംഗിൽ ബംഗ്ലാദേശിന് വേണ്ടി 242 വിക്കറ്റുകളും വീഴ്ത്തി.
2006ല്‍ സിംബാബ്വെയ്ക്കെതിരെ ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഷാക്കിബ് 129 മത്സരങ്ങളിൽ നിന്ന് 13 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 2,551 റൺസും 126 ഇന്നിംഗ്സുകളിൽ നിന്നായി 149 വിക്കറ്റുകളും നേടിയിട്ടുണ്ട്.