എഡിജിപി പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ: സതീശൻ
Thursday, September 26, 2024 12:28 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാർ തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയോടെ അറിവോടെയെന്ന വിമർശനം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എഡിജിപിക്കെതിരേ നാല് അന്വേഷണം നടക്കുമ്പോഴും അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടരുകയാണെന്നും സതീശൻ വിമർശിച്ചു.
മുഖ്യമന്ത്രിക്ക് എന്തൊരു കരുതലാണ് എഡിജിപിയോട്. എഡിജിപി കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയാറാക്കേണ്ട കീഴുദ്യോഗസ്ഥരാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ എഡിജിപി എം.ആർ. അജിത്കുമാറിനും പി.ശശിക്കുമാണ്. ഡിജിപി പറഞ്ഞാൽ എഡിജിപിയും ഐജിമാരും ഡിഐജിമാരും പറഞ്ഞാൽ എസ്പിമാരും അനുസരിക്കില്ല എന്ന സ്ഥിതിയാണ് ഇപ്പോൾ കേരളാ പോലീസിലെന്ന് സതീശൻ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. അതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും സതീശൻ പറഞ്ഞു.