മോഷണക്കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടി; പ്രതി പിടിയിൽ
Wednesday, September 25, 2024 8:47 PM IST
കോട്ടയം: മോഷണക്കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകി പ്രതിയുടെ ഭാര്യയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഏറ്റുമാനൂർ മാടപ്പാട് ഭാഗത്ത് കണ്ണംപുരയ്ക്കൽ വീട്ടിൽ സ്വദേശിയായ സന്തോഷ് (52) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.
മോഷണ കേസ് ഒഴിവാക്കുന്നതിനും ജാമ്യം ലഭിക്കുന്നതിനുമായി പ്രതിയുടെ ഭാര്യയെ ഭയപ്പെടുത്തി 1,79,000 രൂപ തട്ടിയെടുത്ത കേസിൽ ആണ് അറസ്റ്റ്. കഴിഞ്ഞമാസം ഏറ്റുമാനൂരിൽ വർക് ഷോപ്പ്, വീട് തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ കേസിൽ അയർക്കുന്നം സ്വദേശികളായ യുവാക്കളെയും മോഷണ വസ്തുക്കൾ ഏറ്റെടുത്ത ആക്രിക്കടക്കാരനായ അതിരമ്പുഴ സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
തുടർന്ന് ആക്രി കടക്കാരന്റെ വീട്ടിൽ സന്തോഷ് എത്തുകയും ഇയാളെ ജയിലിൽ നിന്നും ഇറക്കണമെന്നും, ഇല്ലെങ്കിൽ ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകൾക്ക് കീഴിൽ കൂടുതൽ മോഷണക്കേസ് വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുംചെയ്തു. ഇത് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് പണം നൽകണമെന്നും പറഞ്ഞാണ് ഇയാൾ പണം തട്ടിയത്.
പലതവണകളായി ഇയാൾ പണംതട്ടിയശേഷം വീണ്ടും പണം ആവശ്യപ്പെട്ട് എത്തിയതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ എ.എസ്. അൻസലിന്റെനേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്.