കൗമാരക്കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 70 വര്ഷം കഠിനതടവും പിഴയും
Wednesday, September 25, 2024 8:34 PM IST
പത്തനംതിട്ട: ബന്ധുവായ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും പിഴയും. അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യിൽ വീട്ടിൽ റജി ജേക്കബിനാണ് ശിക്ഷ ലഭിച്ചത്. കഠിന തടവും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവുമാണ് ശിക്ഷ.
പത്തനംതിട്ട പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് വിധി പ്രസ്താവിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അംഗപരിമിതിമൂലം സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിവില്ലാത്ത പ്രതി മൈനറായ പെൺകുട്ടിയോട് ശാരീരികമായി സഹായം തേടി വന്നിരുന്ന വേളയിലാണ് ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നത്.
പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസാണ് ഹാജരായത്. കേസിന്റെ അന്വേഷണ ചുമതല കോയിപ്പുറം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന വി. സജീഷ് കുമാറിനായിരുന്നു.