ബലാത്സംഗക്കേസ്: സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് സിദ്ദിഖ്
Wednesday, September 25, 2024 7:57 PM IST
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് നടൻ സിദ്ദിഖ് . മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് താരം സുപ്രീം കോടതിയെ സമീപിച്ചത്. ഓൺലൈനായി രഞ്ജിത റോത്തഗി വഴിയാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത് . ഹൈക്കോടതി വിധിയിലെ ചില പോരായ്മകൾ ഉയർത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.
പീഡനം നടന്നെന്ന് ആരോപണം ഉന്നയിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നൽകുന്നത്, പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാൽ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും സിദ്ദിഖ് വാദിക്കുന്നു.
സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തയാണ് താൻ, മറ്റു ക്രമിനൽ കേസുകൾ ഇല്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുവെന്നാണ് വിവരം.
സിദ്ദിഖ് മുൻകൂർ ജാമ്യഹർജി നൽകുമെന്നത് വ്യക്തമായതോടെ അതിജീവിത കോടതിയിൽ തടസഹർജി നൽകിയിരുന്നു. സംസ്ഥാനസർക്കാരും തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്.