മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ; അർജുൻ ഇനി മലയാളികളുടെ മനസിൽ ജീവിക്കുമെന്ന് മഞ്ജു വാര്യർ
Wednesday, September 25, 2024 7:14 PM IST
കൊച്ചി: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം ഗംഗാവാലി പുഴയിൽനിന്ന് കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി നടി മഞ്ജുവാര്യർ. "അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും' എന്ന് മഞ്ചുവാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.
"മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും' എന്നും മഞ്ജു അനുശോചിച്ചു.
ഗംഗാവാലി പുഴയിൽനിന്ന് ഇന്ന് വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്.