ജീവനക്കാരി ബാങ്കിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു; ജോലിസമ്മർദമെന്ന് പരാതി
Wednesday, September 25, 2024 3:01 PM IST
ലക്നോ: യുപിയിൽ ജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. വിഭൂതിഖണ്ഡിലെ എച്ച്ഡിഎഫ്സി ശാഖയിലെ ജീവനക്കാരി സദാ ഫാത്തിമ(45) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ കസേരയിൽ നിന്ന് താഴെവീണ സദ തത്ക്ഷണം മരിക്കുകയായിരുന്നു. വസീർ ഗഞ്ച് സ്വദേശിയാണ് ഫാത്തിമ.
ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും റിപ്പോർട്ട് വന്നശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിഭൂതിഖണ്ഡ് എസിപി രാധാരമൺ സിംഗ് പറഞ്ഞു.
അതേസമയം, സദയ്ക്ക് ജോലിസമ്മർദം ഉണ്ടായിരുന്നതായി സഹപ്രവർത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവം അത്യന്തം ആശങ്കാജനകമാണെന്നും രാജ്യത്തെ നിലവിലെ സാമ്പത്തികാവസ്ഥയുടെ സമ്മർദത്തിന്റെ പ്രതിഫലനമാണിതെന്നും സമാജ്വാദി പാർട്ടി എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.