റിക്കാർഡിൽനിന്ന് റിക്കാർഡിലേക്ക്; കുതിച്ചുപാഞ്ഞ് സ്വർണം, ഒറ്റയടിക്ക് കൂടിയത് 480 രൂപ
Wednesday, September 25, 2024 11:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാംദിനവും റോക്കറ്റ് പോലെ കുതിച്ച് സ്വർണവില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 50 രൂപ ഉയർന്ന് 5,840 രൂപയിലെത്തി.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം വർധിച്ചിരുന്നു. ശനിയാഴ്ച പവന് 600 രൂപയും വെള്ളിയാഴ്ച 480 രൂപയും കൂടിയിരുന്നു. ഇതോടെ, ആറു ദിവസത്തിനിടെ 1,880 രൂപയാണ് വര്‍ധിച്ചത്. മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെയാണ്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ ആറുദിവസമായി വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു.
പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച കുറിച്ച ഔൺസിന് 2,636 ഡോളർ എന്ന റിക്കാർഡ് തകർത്ത അന്താരാഷ്ട്ര സ്വർണവില ഇന്ന് 2,668 ഡോളർ വരെയെത്തി.
അതേസമയം, വെള്ളി വിലയും ഇന്ന് ഉയർന്നിട്ടുണ്ട്. ഗ്രാമിന് മൂന്നു രൂപ വർധിച്ച് വില 101 രൂപയായി.