ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ ജീവനക്കാർ പിടിയിൽ
Tuesday, September 24, 2024 11:32 PM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച മൂന്ന് റെയിൽവേ ജീവനക്കാർ പിടിയിൽ. അട്ടിമറി അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.
ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍ (39), മനിഷ്കുമാര്‍ സര്‍ദേവ് മിസ്ട്രി (28), കരാര്‍ ജീവനക്കാരനായ ശുഭം ജയ്സ്വാള്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന് ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ഇതിനു ശ്രമിച്ചതെന്നാണ് മൊഴി.
സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയാണ് സുഭാഷ് പോദാര്‍ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിച്ചത്. അന്ന് ട്രാക്കിലെ 71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്.
ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് പാളങ്ങളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലാണെന്നുമാണ് സുഭാഷ് അറിയിച്ചത്. ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുൻപ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.