ഇ.പി "റിട്ടേൺസ്'; സിപിഎം പരിപാടിയിൽ പങ്കെടുത്ത് ഇ.പി.ജയരാജൻ
Tuesday, September 24, 2024 5:56 PM IST
കണ്ണൂർ: പരിഭവം മറന്ന് സിപിഎം പരിപാടിയിൽ സജീവമായി പങ്കെടുത്ത് ഇ.പി.ജയരാജൻ. സർക്കാരിനും പാർട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിലാണ് ജയരാജൻ പങ്കെടുത്തത്.
ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാർട്ടി ക്ഷണിച്ച പരിപാടികളിൽ പോലും പങ്കെടുക്കാതെ ഇ.പി മാറിനിൽക്കുകയായിരുന്നു. പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ നിന്ന് അദ്ദേഹം വിട്ടു നിന്നത് വലിയ ചർച്ചയായിരുന്നു.
ചികിത്സയിൽ കഴിയുന്നതുകൊണ്ടാണ് ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു ഇ.പിയുടെ വിശദീകരണം. പിബി അംഗം എ.വിജയരാഘവനൊപ്പം ഇപിയും പുഷ്പാർച്ചനയിൽ പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്.