ആരെയും നിര്‍ബന്ധിക്കേണ്ട; അവർ സ്വയം കൈയ്യടിക്കട്ടേയെന്ന് അനൗൺസറെ തിരുത്തി മുഖ്യമന്ത്രി
Tuesday, September 24, 2024 10:00 AM IST
തൃശൂര്‍: വേദിയിലെ അനൗണ്സ്മെന്റില് ഇടപെട്ട് തിരുത്തിയ മുഖ്യമന്ത്രിക്ക് വന്‍ കൈയ്യടി. തൃശൂരിൽ ഭൂരഹിതര്‍ക്ക് ഭൂമി നല്കുന്ന ചടങ്ങില്‍ ആണ് സംഭവം. കാണികളെ നിര്‍ബന്ധിച്ച് കൈയടിപ്പിക്കേണ്ടെന്നായിരുന്നു അനൗൺസറോട് മുഖ്യമന്ത്രിയുടെ നിർദേശം.
ഭൂരഹിതര്‍ക്ക് തൃശൂര്‍ കോര്പ്പറേഷന് ഭൂമി നല്‍കുന്നതിന്റെ ഉദ്ഘാടന ചടങ്ങാണ് മാറ്റാം പുറത്ത് നടന്നത്. കോർപ്പറേഷൻ ജീവനക്കാരനായിരുന്നു പരിപാടിയിൽ അനൗൺസർ. ഈ ചടങ്ങ് കേരളത്തിലെ ചരിത്രസംഭവമാണെന്ന് അനൗണ്സര് പറഞ്ഞുകൊണ്ടേയിരുന്നു.
പിന്നാലെ ഇവിടെ ആരെയും നിര്‍ബന്ധിച്ച് കൈയ്യടിപ്പിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് നമ്മള് അവര്‍ക്കു കൊടുക്കുന്ന സമ്മാനമല്ലേ. അതില്‍ സന്തോഷിച്ച് അവര്‍ സ്വയം കൈയ്യടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് വലിയ കൈയ്യടിയാണ് സദസിൽനിന്ന് ഉയർന്നത്.