തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവിനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി
Monday, September 23, 2024 9:16 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാനേതാവ് സീസിംഗ് രാജയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി.
ഞായറാഴ്ച ആന്ധ്രയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യുന്നതിനായി ചെന്നൈയിലേക്ക് എത്തിച്ചപ്പോൾ നീലങ്കരൈ എന്ന സ്ഥത്തുവെച്ച് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തെന്നുമാണ് പോലീസ് ഭാഷ്യം.
ആംസ്ട്രോംഗ് കൊലക്കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നേരത്തേ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ അപ്പു എന്ന പ്രതിയെയും പോലീസ് കൊലപ്പെടുത്തിയിരുന്നു.
തമിഴ്നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം. ജൂലൈ അഞ്ചിനായിരുന്നു പേരംബൂരില്‍ വെച്ച് ആംസ്ട്രോംഗിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 29 പ്രതികളാണ് അറസ്റ്റിലായത്.