അന്‍വറിനെ തള്ളി പി. ജയരാജൻ; സിപിഎം പ്രസ്താവന പങ്കുവച്ച് നിലപാട് വ്യക്തമാക്കി
Sunday, September 22, 2024 4:53 PM IST
കണ്ണൂര്‍: പി.വി. അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം നേതാവ് പി. ജയരാജന്. അൻവറിന് പിന്തുണ നൽകുന്നത് ജയരാജനാണെന്ന് നേരത്തെ വാത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ തള്ളിക്കൊണ്ടാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അൻവറിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ജയരാജന്റെ പോസ്റ്റിന് താഴെ അൻവറിനെ പിന്തുണച്ച് നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്.
പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. അന്‍വറിന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്കുള്ള ആയുധമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.
അന്‍വറിന്റെ നിലപാടുകളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ നിലപാടാണ് അന്‍വറിന്റേത്. ഇത്തരം സമീപനങ്ങളില്‍നിന്ന് പിന്മാറണമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.
അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പാര്‍ട്ടിക്ക് നല്കിയ പരാതിയിലും പരിശോധന നടക്കും. ഈ സാഹചര്യത്തില്‍ പരസ്യപ്രതികരണങ്ങളില്‍നിന്ന് അന്‍വര്‍ പിന്മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.