കോളിത്തട്ട് സഹകരണ ബാങ്ക് തട്ടിപ്പ്; കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി
Sunday, September 22, 2024 10:19 AM IST
കണ്ണൂർ: ഇരിട്ടി കോളിത്തട്ട് സഹകരണ ബാങ്ക് തട്ടിപ്പിൽ നടപടിയുമായി സിപിഎം. നടപടിയുടെ ഭാഗമായി ബാങ്ക് ഭരണസമിതിയിലെ ഏരിയാ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി. മൂന്ന് പതിറ്റാണ്ടായി സിപിഎമ്മാണ് ബാങ്ക് ഭരിക്കുന്നത്.
ബാങ്കില്‍ കോടികളുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. ബെനാമി വായ്പകൾ സംഘടിപ്പിച്ചു. മരിച്ചയാളുടെ പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടി. പണയ സ്വർണം മറ്റൊരു ബാങ്കിൽ പണയം വച്ച് പണം വാങ്ങിയെന്നും സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.
സിപിഎം പേരട്ട ലോക്കൽ സെക്രട്ടറിയായിരുന്നു ബാങ്ക് പ്രസിഡന്റ്. തട്ടിപ്പിൽ ബാങ്ക് ഭരണസമിതിക്കും ലോക്കൽ കമ്മിറ്റിക്കും വീഴ്ചയെന്ന് കണ്ടെത്തിയതോടെയാണ് കൂട്ട നടപടിയെടുത്തത്. നടപടിയുടെ ഭാഗമായി ഒരു ഏരിയാ കമ്മിറ്റി അംഗത്തെയും ലോക്കൽ സെക്രട്ടറിയെയും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും തരം താഴ്ത്തി.