ജോലിസമ്മർദം; ഐടി ജീവനക്കാരൻ ജീവനൊടുക്കി
Sunday, September 22, 2024 9:58 AM IST
ചെന്നൈ: ജോലിസമ്മർദത്തെ തുടർന്ന് ഐടി ജീവനക്കാരൻ സ്വയം ഷോക്കേൽപ്പിച്ച് ജീവനൊടുക്കി. തേനി സ്വദേശി കാർത്തികേയൻ (38) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവൻ വൈദ്യുതക്കമ്പികൾ ചുറ്റിയനിലയിലായിരുന്നു.
ക്ഷേത്രദർശനത്തിനുപോയ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പല്ലാവരത്തെ ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിൽ 15 വർഷം മുമ്പാണ് കാർത്തികേയൻ ജോലിക്കുചേർന്നത്. അടുത്തിടെയായി ജോലിഭാരത്തെക്കുറിച്ച് പരാതി പറയാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.
ജോലിസമ്മർദം കാരണം വിഷാദരോഗം വന്ന യുവാവ് രണ്ടു മാസമായി ചികിത്സയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോൾ ഫ്രീ നമ്പർ 1056).