തിരുപ്പതി ലഡു വിവാദം: കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി
Saturday, September 21, 2024 7:25 AM IST
അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി തയാറാക്കുന്ന ലഡുവിൽ ചേർക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ ഉചിതമായ നടപടി സ്വകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിൽ അന്വേഷണം വേഗത്തിൽ പൂർത്തിക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഈ വിഷയം ഗൗരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരുന്നു.
വിവാദം ദേശീയതലത്തിൽ തിളച്ചുമറിയുന്നതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സംസാരിച്ചു. പ്രശ്നം വിശദമായി പഠിച്ചശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ചശേഷം നടപടികളിലേക്കു നീങ്ങുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
അതിനിടെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തെ സാധൂകരിച്ച് തിരുപ്പതി ക്ഷേത്രം അധികൃതർ രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത നെയ് ലഡുനിർമാണത്തിന് എത്തിച്ചിരുന്നുവെന്നും ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.
ഗുണനിലവാരം അളക്കാനുള്ള സംവിധാനത്തിന്റെ അഭാവം ക്ഷേത്രത്തിലേക്ക് നെയ് വിതരണം ചെയ്യുന്നവരുൾപ്പെടെ മുതലെടുക്കുകയായിരുന്നുവെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ.ശ്യാമള റാവു പറഞ്ഞു.