മുംബൈ കസ്റ്റംസ് ചമഞ്ഞു തട്ടിപ്പ്; പ്രതി പിടിയിൽ
Monday, September 2, 2024 2:53 AM IST
പാലക്കാട്: മുംബൈ കസ്റ്റംസ് ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പാലക്കാട് നോർത്ത് പോലീസിന്റെ പിടിയിലായി. കേസിലെ പ്രധാന പ്രതിയായ മലപ്പുറം കൊണ്ടോട്ടി ഒലവട്ടൂർ പുതിയടത്തുപറന്പ് അബ്ദുൾ നാസർ (42) ആണ് പാലക്കാട് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
2023 ഡിസംബർ ഒന്നിനാണു കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നു സ്വയംപരിചയപ്പെടുത്തിയ പ്രധാന പ്രതികളിൽ ഒരാൾ കേസിലെ പരാതിക്കാരിയെ വീഡിയോ കോളിംഗ് ആപ്പിലൂടെ വിളിച്ചു.
പരാതിക്കാരി മുംബൈയിൽനിന്നു തായ്വാനിലേക്ക് അയച്ച കൊറിയറിൽ മയക്കുമരുന്നുണ്ടെന്നും മുംബൈ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ പരാതിക്കാരിയിൽനിന്നു ഗൂഗിൾ പേ വഴി 98,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
പരാതിക്കാരിയിൽനിന്നു പ്രതികൾ തട്ടിയെടുത്ത പണം ഇപ്പോൾ അറസ്റ്റിലായ അബ്ദുൾ നാസറിന്റെ അക്കൗണ്ടിലേക്ക് അയച്ചുകിട്ടിയത് ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പിൽ അൻസിൽ (36) എന്നയാളുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുകയും, ഈ തുക അൻസിൽ പിൻവലിച്ച് മറ്റൊരു പ്രധാന പ്രതിക്കു കൈമാറുകയുമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഈ കേസിൽ ആലപ്പുഴ സ്വദേശികളായ ഷാജഹാൻ, അൻസിൽ കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, മിഥുലാജ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഈ തുക അബ്ദുൽ നാസറിന്റെ അക്കൗണ്ടിലൂടെയാണ് വന്നതെന്നു കണ്ടെത്തിയത്.
ഏകദേശം രണ്ടു കോടി രൂപയുടെ സമാനമായ തട്ടിപ്പിന് അബ്ദുൾ നാസർ തന്റെ അക്കൗണ്ട് ഉപയോഗിച്ചതായി പോലീസിനു വിവരംലഭിച്ചിട്ടുണ്ട്.