പേരുകൾ പുറത്തുവരണം, സിനിമാ മേഖല പവിത്രമെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ല: ബി. ഉണ്ണികൃഷ്ണന്
Sunday, September 1, 2024 2:45 PM IST
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാടെന്ന് സംവിധായന് ബി. ഉണ്ണികൃഷ്ണൻ. അതേസമയം, റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ല. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമാ ലോക്കേഷനിലെ കാരവാനില്‍ ഒളികാമറ ഉണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേട്ടറിവ് പോലുമില്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷനിലാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതേസമയം, അമ്മ മുൻ പ്രസിഡന്റ് മോഹൻലാലിന്റെ രാജിയുടെ സത്യസന്ധതയെ അംഗീകരിക്കണമെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. പൊതുസമൂഹവും മാധ്യമങ്ങളും പ്രതീക്ഷിക്കുംവിധം ഇടപെടാൻ കഴിയാത്തത് കൊണ്ടാണ് ലാൽ രാജിവച്ചത്. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.