നിങ്ങൾ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ലെന്ന വാദം തെറ്റ്; സിപിഎം നിലപാടിനെ വിമർശിച്ച് വൃന്ദ
Friday, August 30, 2024 10:42 AM IST
ന്യൂഡൽഹി: മുകേഷിന്റെ രാജിക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ കാര്യം പറഞ്ഞ് പ്രതിരോധം തീര്‍ക്കുന്നത് ശരിയല്ലെന്ന് വൃന്ദ വ്യക്തമാക്കി.
പാർട്ടി ഔദ്യോഗിക വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വൃന്ദയുടെ വിമർശനം. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന ബാലിശമായ വാദം ഉന്നയിച്ച് പ്രതിരോധം തീർക്കുന്നത് ശരിയല്ലെന്ന് വൃന്ദ വിമർശിച്ചു.
ലേഖനത്തിന്റെ ആദ്യഭാഗത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ അഭിനന്ദിക്കുന്നുണ്ട്. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും അതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ചതും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ നടപടിയാണ്.
കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അങ്ങനെയുള്ള കോണ്‍ഗ്രസാണ് മുകേഷിന്റെ വിഷയം ഉന്നയിച്ച് പ്രതികരണം നടത്തുന്നതെന്നും വൃന്ദ വിമർശിച്ചു. അതേസമയം മുകേഷ് രാജിവെക്കണമെന്നോ, സംഘടനാ നടപടി വേണമെന്നോ ലേഖനത്തില്‍ വൃന്ദ പരാമർശിക്കുന്നില്ല.