മുഖ്യമന്ത്രിയും സർക്കാരും വേട്ടക്കാർക്കൊപ്പം, മുകേഷ് രാജിവച്ച് നിയമനടപടി നേരിടണം: രമ്യ ഹരിദാസ്
Thursday, August 29, 2024 1:11 PM IST
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎ രാജിവച്ച് നിയമനടപടി നേരിടാൻ തയാറാകണമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ്. മുഖ്യമന്ത്രിയും സർക്കാരും വേട്ടക്കാർക്കൊപ്പമാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചത് മുതൽ മൊഴികൾ പ്രകാരം നടപടി സ്വീകരിക്കാത്തത് വരെ സർക്കാരിന്റെ പിഴവാണ് വെളിപ്പെടുത്തുന്നതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
മൊഴി നൽകാൻ ഭയപ്പെടുന്ന ഇരകൾ ഇപ്പോഴുമുണ്ട്. സ്വതന്ത്രമായി മൊഴികൊടുക്കാൻ ആത്മവിശ്വാസം നൽകുന്ന രീതിയിൽ പരാതിക്കാർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.
സിനിമ മേഖലയിലെ മുഴുവൻ ആളുകളും നിലവിൽ സംശയത്തിന്റെ നിഴലിലാണ്, കുറ്റാരോപിതരുടെ പേരുകൾ പുറത്തുവിടേണ്ടത് നിരപരാധികളോട് ചെയ്യേണ്ട നീതിയാണെന്നും അവർ കൂട്ടിച്ചേർത്തു.