ഫെമ കേസ്: ഡിഎംകെ എംപിക്കും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി ഇഡി
Wednesday, August 28, 2024 8:13 PM IST
ചെന്നൈ: ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) കേസില്‍ ഡിഎംകെ. എംപി എസ്.ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫെമ സെക്ഷന്‍ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
ജഗത് രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളില്‍ ചെന്നൈയിലെ ഇഡി സംഘം നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.
2021 ഡിസംബര്‍ ഒന്നിനാണ് ജഗത് രക്ഷകനും കുടുംബത്തിനും ഇവരുമായി ബന്ധപ്പെട്ട ഒരു കമ്പനിക്കുമെതിരെ ഇഡി കേസെടുത്തത്. 2017ല്‍ സിംഗപ്പൂരിലെ ഒരു ഷെല്‍ കമ്പനിയില്‍ 42 കോടി രൂപയുടെ നിക്ഷേപം, കുടുംബാംഗങ്ങള്‍ ഓഹരികള്‍ സമ്പാദിച്ചതും കൈമാറ്റം ചെയ്തതും, ഒരു ശ്രീലങ്കന്‍ സ്ഥാപനത്തില്‍ 9 കോടി രൂപയുടെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.
അന്വേഷണത്തില്‍ ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാനും പിഴ ചുമത്താനും ഉത്തരവിട്ടതെന്ന് ഇഡി അറിയിച്ചു.