കേസെടുക്കണമെന്ന ശിപാര്‍ശ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ല: വൃന്ദാ കാരാട്ട്
Saturday, August 24, 2024 3:05 PM IST
ന്യൂഡൽഹി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടിയില്‍ സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മീഷനല്ല. അതുകൊണ്ട് കേസെടുക്കണമെന്ന ശിപാര്‍ശ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വൃന്ദ പ്രതികരിച്ചു.
കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. ഇതില്‍ കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
ഇന്ത്യയ്ക്ക് ആകെ മാതൃകാപരമാണ് കമ്മിറ്റിയുടെ റിപ്പോർട്ട്. പരാതി നൽകിയാൽ മാത്രമേ നടപടിയുണ്ടാകൂ. ഏതെങ്കിലും ഒരു സ്ത്രീയെങ്കിലും തീർച്ചയായും പരാതിയുമായി മുന്നോട്ടുവരണം.
രഞ്ജിത്തിനെതിരായ ആരോപണത്തില്‍ നടി പരാതി കൊടുത്താല്‍ നടപടി ഉണ്ടാകും. വളരെ ധൈര്യപൂർവ്വം അവർ സംസാരിച്ചു. പരാതി കൊടുക്കാനായി ആരെങ്കിലും അവരെ സമീപിക്കണമെന്നും വൃന്ദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.