ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കണമെന്ന ഹര്‍ജി; സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി
Thursday, August 22, 2024 12:54 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. റിപ്പോര്‍ട്ടില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ വനിതാ കമ്മീഷനെ സ്വമേധയാ കക്ഷി ചേര്‍ത്തു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സെപ്റ്റംബര്‍ പത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്കി.
തങ്ങളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ആളുകള്‍ മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍ പരാതി ലഭിച്ചതാലെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പരാതിക്കാരുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം വേട്ടക്കാരായ ആളുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയല്ലേ വേണ്ടതതെന്ന് കോടതി ചോദിച്ചു.