വേണ്ടതെല്ലാം ചെയ്യും: തസ്മിദിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി
Wednesday, August 21, 2024 2:06 PM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി.
സംഭവത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും കുട്ടിയെ കണ്ടെത്താന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി മാതാപിതാക്കളെ അറിയിച്ചു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവൻകുട്ടിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, തസ്മിദ് തംസുമിനെ കാണാതായിട്ട് 26 മണിക്കൂർ പിന്നിടുമ്പോഴും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കന്യാകുമാരി എക്സ്പ്രസിൽ കയറിയ തസ്മിദ് കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
കുട്ടിക്കായി അന്വേഷണം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. കഴക്കൂട്ടത്തിനും കന്യാകുമാരിക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് പരിശോധന. കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ മേഖലകളില്‍ കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായി നടത്തുന്ന തിരച്ചിലും തുടരുകയാണ്.
രാവിലെ മുതല്‍ കന്യാകുമാരിയില്‍ വ്യാപക തിരച്ചിലാണ് നടക്കുന്നത്. റെയില്‍വേസ്റ്റേഷനിലും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പോലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല.
കന്യാകുമാരി റെയിൽവേ സ്റ്റേഷനുള്ളിലെ ദൃശ്യങ്ങളുടെ പരിശോധനയിലും ഫലമുണ്ടായില്ല. സ്റ്റേഷന്റെ പോർട്ടിക്കോയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം, കന്യാകുമാരിയില്‍നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിന്‍ കയറിയോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനാൽ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പോലീസും ആര്‍പിഎഫും തിരച്ചില്‍ ഊർജിതമാക്കി. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള സാധ്യത പരിഗണിച്ച് ബസുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
ഇതിനിടെ, ചെന്നൈയില്‍ ജോലിചെയ്യുന്ന മൂത്ത സഹോദരന്റെ അടുത്തേക്ക് പെൺകുട്ടി പോയിരിക്കാമെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍, താന്‍ ഇപ്പോള്‍ ബംഗളൂരുവിലാണെന്നും കുട്ടി തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന് മാധ്യമങ്ങളോട് വ്യക്തമാക്കി.
പെണ്‍കുട്ടി ബംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു.പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്ന് ട്രെയിനിലെ യാത്രക്കാരിയാണ് പോലീസിനെ അറിയിച്ചത്. ഒരു യാത്രക്കാരി പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തിരുന്നു.
പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് യാത്രക്കാരി പറയുന്നത്. കുട്ടിയുടെ ഫോട്ടോ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കൈയിൽ ആകെയുള്ളത് 50 രൂപ മാത്രമാണെന്നാണ് വിവരം.
ആസാമീസ് ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയുടെ കൈവശം മൊബൈൽ ഫോണില്ല എന്നും അറിയുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോട്ടോ സഹിതം വിവരം യാത്രക്കാരി പൊലീസിന് കൈമാറിയത്.
കഴക്കൂട്ടത്ത് താമസിക്കുന്ന ആസാം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത് തംസുമിനെ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കു പറഞ്ഞിരുന്നു എന്നും അതിനുശേഷം കുട്ടിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്.
വൈകുന്നേരം നാലുമണിക്ക് ശേഷമാണ് രക്ഷാകർത്താക്കൾ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞത്. സംഭവം അറിഞ്ഞയുടൻ തന്നെ കഴക്കൂട്ടം പോലീസ് മറ്റു സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറി. സിസിടിവിയും മറ്റും പരിശോധിച്ച് തിരച്ചിൽ ആരംഭിച്ചു. വീടും പരിസരവും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ആദ്യം പോലീസ് അന്വേഷണം നടത്തിയത്.