ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നടി രഞ്ജിനിയുടെ ഹർജി തള്ളി: സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി
Monday, August 19, 2024 12:54 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടി രഞ്ജിനി നല്കിയ തടസ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഹർജിയുമായി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശം നല്കി.
വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി. കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമാണ് നടിയുടെ ആവശ്യം.
സ്വകാര്യതാ ലംഘനം ഇല്ലെന്ന് ഉറപ്പാക്കി വേണം റിപ്പോര്‍ട്ട് പുറത്തുവിടാൻ. വനിതാ കമ്മീഷനും മൊഴി നല്കിയ മറ്റുള്ളവര്‍ക്കും റിപ്പോര്‍ട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.