താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്ത് യുവാവ്: പോലീസ് കേസെടുത്തു
Tuesday, August 13, 2024 4:29 AM IST
താമരശേരി: കോഴിക്കോട് താമരശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ യുവാവ് കയ്യേറ്റം ചെയ്തു . അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീര്‍ ആണ് ജീവനക്കാരെ കയ്യേറ്റം ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയിലെ വനിതാ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടേക്ക് രാത്രി എട്ട് മണിക്ക് ശേഷം പുരുഷന്മാര്ക്ക് പ്രവേശനമില്ല. ഷബീറിനെ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവര്‍ തടഞ്ഞു.
അകത്തേക്ക് പോകാന്‍ ഷബീര്‍ നിര്‍ബന്ധം പിടിച്ചു. പിന്നാലെ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് ഷബീര്‍ ഇരുവരേയും കയ്യേറ്റം ചെയ്തത്.
സംഭവത്തിന് പിന്നാലെ ഇയാള്‍ സ്ഥലം വിട്ടു. മിനിയും ലാലിയും ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു.