പാരീസ് ഒളിമ്പിക്സിനു കൊടിയിറങ്ങി
Monday, August 12, 2024 6:59 AM IST
പാരീസ്: ലോകം പാരീസിലേക്ക് ചുരുങ്ങിയ ദിനരാത്രങ്ങൾക്ക് ശുഭകരമായ പര്യവസാനം. നാലു വർഷത്തിനുശേഷം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാണാമെന്ന ആശംസയുമായി പാരീസിൽ ഒളിന്പിക്സിനു കൊടിയിറങ്ങി.
ജൂലൈ 24ന് ആരംഭിച്ച് ഇന്നു പുലർച്ചവരെ നീണ്ട നടന്ന സമാപന സമ്മേളനത്തോടെയാണ് 33-ാം ഒളിന്പിക്സിനു തിരശീല വീണത്. പാരീസിനു പുറമേ 16 ഫ്രഞ്ച് നഗരങ്ങളും ഒളിന്പിക്സിനു വേദിയായി. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടന്നത്.
റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകയ്ക്കു കീഴിലുള്ളവർ പാരീസ് ഒളിന്പിക്സിനെത്തി. 10,714 താരങ്ങളാണ് ഫ്രഞ്ചു മണ്ണിൽ ഒളിന്പിക് മെഡലിനായി പോരാടിയത്.
ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലാണ് ഇന്ത്യയുടെ സന്പാദ്യം. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുമായി അമേരിക്ക ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി. 40 സ്വർണം, 27 വെള്ളി, 24 വെങ്കലം എന്നിങ്ങനെ 91 മെഡലുമായി ചൈന രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
സമാപന മാർച്ച് പാസ്റ്റിൽ പി.ആർ.ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി. അടുത്ത ഒളിന്പിക്സിനു വേദിയാകുന്ന ലോസ് ആഞ്ചലസിൽ നഗരത്തിന്റെ മേയർ കരൻ ബാസ്, പാരീസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിന്പിക് പതാക ഏറ്റുവാങ്ങി. 2028-ലാണ് യുഎസ് നഗരം അടുത്ത ഒളിംന്പിക്സിനു വേദിയാവുക. യുഎസിന്റെ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ഒളിന്പിക്സ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്.