സിഎംഡിആർഎഫിനെതിരെ പ്രചരണം; മുൻകൂർ ജാമ്യം തേടി അഖിൽ മാരാർ ഹൈക്കോടതിയിൽ
Wednesday, August 7, 2024 6:24 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ (സിഎംഡിആർഎഫ്) പ്രചരണം നടത്തിയകേസിൽ സംവിധായകൻ അഖിൽ മാരാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അഖിലിനെതിരെ കൊല്ലം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു.
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചരണങ്ങൾ നടത്തിയ അഖിൽ മാരാർ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തു.