വയനാട് ദുരന്തം: കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല, നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്നും മന്ത്രി ശിവന്‍കുട്ടി
Tuesday, August 6, 2024 2:45 PM IST
കൽപറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്കരമാണെങ്കിലും ഇതിന് ബദൽ സംവിധാനം താത്കാലികമായി ഒരുക്കും. നിലവിൽ പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പ് മാറുന്ന മുറയ്ക്ക് മേപ്പാടി സ്കൂളില്‍ പഠനം പുനഃരാരംഭിക്കും. വെള്ളാര്‍മല, മുണ്ടക്കൈ ഈ രണ്ടു സ്കൂളുകളിലെയും കുട്ടികളെ ഇവിടെ ചേര്‍ക്കാനാണ് തീരുമാനം. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഉദ്യോഗസ്ഥര്‍ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ദുരന്തം ബാധിച്ച രണ്ട് സ്കൂളുകളിലെ സെപ്റ്റംബര്‍ മാസത്തിലെ ആദ്യപാദ പരീക്ഷ മാറ്റിവച്ചു. ദുരന്തബാധിതരായ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കും. കുട്ടികളുടെ ഗതാഗതം കെഎസ്ആര്‍ടിസിയുമായി ആലോചിക്കും. അല്ലെങ്കില്‍ ബദല്‍ സംവിധാനം സജ്ജമാക്കും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനും സംവിധാനമൊരുക്കും.
ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്ന വെള്ളാര്‍മല സ്കൂള്‍ അതേപേരില്‍ പുനര്‍നിര്‍മിക്കുമെന്നും സ്ഥലം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതിനോടു ചേര്‍ന്ന് പൊതുവായ ഫണ്ട് ഉപയോഗിച്ചോ, അല്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പോ സ്കൂള്‍ പുനര്‍ നിര്‍മ്മിക്കും. തകര്‍ന്ന മുണ്ടക്കൈ സ്കൂള്‍ പുനര്‍നിര്‍മിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അദ്ദേഹവുമായും സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാന്, ഒ.ആര്. കേളു, ടി. സിദ്ദിഖ് എംഎല്‍എ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സ്കൂൾ വിദ്യാഭ്യാസ അധികൃതർ, പിടിഎ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. സ്കൂള്‍ അധ്യാപകരുമായും മന്ത്രി ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു.