രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ; ഹെലികോപ്റ്റർ സഹായം തേടി
Tuesday, July 30, 2024 6:55 AM IST
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ കനത്ത നാശനഷ്ടം. ആദ്യം ഉരുൾപ്പൊട്ടലുണ്ടായി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പുലർച്ചെ 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി.
പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടന്നുവരുകയാണ്. ഇവിടേക്കുള്ള റോഡും പാലങ്ങളും തകർന്നതിനാൽ ജില്ലാഭരണകൂടം ഹെലികോപ്ടറിന്റെ സഹായം തേടി.
അപകടത്തിൽ നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടകാർ പറയുന്നു. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.
വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു.