ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നദികളിൽ മിന്നൽപ്രളയം, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
Saturday, July 27, 2024 3:43 PM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുന്നു. തെഹ്രി ഗർവാൾ മേഖലയിൽ വെള്ളപ്പൊക്കത്തിനു സമാനമായ സാഹചര്യമാണ്. ഇതുവഴി ഒഴുകുന്ന ബാലഗംഗ, ധരം ഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉയർന്ന പ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദിയിൽ ജലനിരപ്പുയർന്നു. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. ഗംഗോത്രിയിൽ ശാരദാ കുടീരവും ശിവാനന്ദാശ്രമവും വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്. ഏതാനും കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ. അതേസമയം, ആളുകളെ കാണാതായതായി ഇതുവരെ വിവരമില്ല.
കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോഗഡിലെയും ബാഗേശ്വറിലെയും സ്കൂളുകൾ അടച്ചു. മഴ കനത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.