മണപ്പുറം ഫിനാസില്നിന്ന് കോടികള്‍ തട്ടിയ സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
Friday, July 26, 2024 11:46 AM IST
തൃശൂർ: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിൽനിന്ന് 20 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ സംഭവത്തിൽ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ജീവനക്കാരിയായ കൊല്ലം സ്വദേശി ധന്യ മോഹന്‍ ആണ് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
അഞ്ച് വര്‍ഷം കൊണ്ടാണ് ധന്യ തട്ടിപ്പ് നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് കേസിന്റെ അന്വേഷണചുമതല.
18 വര്‍ഷമായി വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നു ധന്യ. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഈ പണം കൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിയ ശേഷം മറ്റാരുടെയോ സഹായത്തോടെ രക്ഷപെടുകയായിരുന്നു.