കങ്കണ റണൗട്ടിന്റെ വിജയം ചോദ്യംചെയ്ത് ഹർജി; നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതി
Thursday, July 25, 2024 12:04 PM IST
ഷിംല: ബിജെപി എംപി കങ്കണ റണൗട്ടിനു നോട്ടീസ് അയച്ച് ഹിമാചൽ പ്രദേശ് ഹൈക്കോടതി. കങ്കണയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
മണ്ഡി മണ്ഡലത്തിൽ നിന്നാണ് കങ്കണ റണൗട്ട് വിജയിച്ചത്. കിന്നൗർ സ്വദേശി ലായക് റാം നേഗിയാണ് കങ്കണയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദേശ പത്രിക അന്യായമായാണ് തള്ളിയതെന്ന് ഹർജിക്കാരൻ പറയുന്നു.
ഓഗസ്റ്റ് 21-നകം മറുപടി നൽകണമെന്ന് ജസ്റ്റീസ് ജ്യോത്സന റേവൽ നിർദേശം നൽകി. മാണ്ഡി ലോക്സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്. വിക്രമാദിത്യ സിംഗിന്റെ 4,62,267 വോട്ടിനെതിരെ കങ്കണ 5,37,002 വോട്ടുകൾ നേടി.