സമൂഹമാധ്യമങ്ങളിൽ ജഡ്ജിമാരെ അപർകീർത്തിപ്പെടുത്തി; ഡൽഹി സ്വദേശിക്ക് ഒരു ലക്ഷം രൂപ പിഴ
Thursday, July 25, 2024 6:45 AM IST
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ജഡ്ജിമാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ വ്യക്തിക്ക് ഒരു ലക്ഷം രൂപ പിഴ. ഡൽഹി ഹൈക്കോടതിയാണ് ഉദയ്പാൽ സിംഗ് എന്നയാൾക്ക് പിഴശിക്ഷ വിധിച്ചത്.
ഉദയ്പാലിന്റെ മാപ്പപേക്ഷ സ്വീകരിച്ച ജസ്റ്റീസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, പിഴ ശിക്ഷ വിധിക്കുകയും മറ്റ് നിയമനടപടികളിൽ നിന്നും ഇയാളെ ഒഴിവാക്കുകയുമായിരുന്നു.
തുക രണ്ട് ആഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. ഈ തുകയിൽ നിന്നും 25,000 രൂപ വീതം ഡൽഹി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റി, ഡൽഹി ഇൻഡിജന്റ് & ഡിസേബിൾഡ് ലോയേഴ്സ് ഫണ്ട്, കുട്ടികളുടെയും നിരാലംബരായ സ്ത്രീകളുടെയും ക്ഷേമത്തിനായുള്ള നിർമൽ ഛായ, ഭാരത് കെ വീർ ഫണ്ട് എന്നീ സംഘടനകൾക്ക് കൈമാറാനും കോടതി വിധിച്ചു.