എല്ലാ സംസ്ഥാനങ്ങളുടേയും പേരുപറയാന്‍ സാധിക്കുമോയെന്ന് ധനമന്ത്രി; ഇരുസഭകളിലും പ്രതിഷേധം, ഇറങ്ങിപ്പോക്ക്
Wednesday, July 24, 2024 2:44 PM IST
ന്യൂഡല്‍ഹി: കേന്ദ്രബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നല്‍കിയെന്ന വിമർശനങ്ങൾക്കിടെ വിഷയത്തിൽ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയില്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് പാര്‍ലമെന്റ് അങ്കണത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാര്‍ലമെന്റ് അങ്കണത്തില്‍ പ്രതിഷേധം.
അതേസമയം, പ്രതിപക്ഷ ആരോപണങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് രാജ്യസഭയില്‍ മറുപടി നല്കി. ബജറ്റ് പ്രസംഗത്തില്‍ ഒരു സംസ്ഥാനത്തിന്റെ പേര് പറഞ്ഞില്ലെന്ന് കരുതി, കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ ആ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണോ അര്‍ഥമെന്ന് മന്ത്രി ചോദിച്ചു.
എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറയാന്‍ സാധിക്കില്ലെന്നത് വളരെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് വ്യക്തമായി അറിയാം. കോണ്‍ഗ്രസിന്റെ ബജറ്റ് പ്രസംഗങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ വെല്ലുവിളിക്കുകയാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
കസേര സംരക്ഷിക്കാനുള്ള ബജറ്റെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം, രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭയില്‍ ആവര്‍ത്തിച്ചിരുന്നു. ബജറ്റില്‍ അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്ന ഖാര്‍ഗെയുടെ വിമര്‍ശനം. ഇതിനു മറുപടിയായായാണ് ധനമന്ത്രിയുടെ പ്രസംഗം.
ഇതിനു പിന്നാലെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ വലിയ പ്രതിഷേധമാണുയർത്തിയത്. ജോണ്‍ ബ്രിട്ടാസിനേയും പ്രിയങ്ക ചതുര്‍വേദിയേയും സഭാധ്യക്ഷന് ജഗ്ദീപ് ധന്‍കര്‍ പേരെടുത്ത് താക്കീത് ചെയ്യുകയും ചെയ്തു.