കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; മരിച്ച നാലുപേരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
Monday, July 22, 2024 1:42 PM IST
കൊച്ചി: കുവൈറ്റ് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ച ഒരു കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ രാവിലെ പത്തോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. പിന്നീട് സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിലാണ് സംസ്കാരം. മൃതദേഹങ്ങൾ നിലവിൽ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കുവൈറ്റ് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ എസിയിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് മാത്യുസും കുടുംബവും മരിച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൽ ടെക്നിക്കൽ എഞ്ചിനീയറാണ് മാത്യൂസ്.
ഭാര്യ ലിനി കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള അദാൻ ആശുപത്രിയിൽ നഴ്സാണ്. മകൾ ഐറിൻ ഒമ്പതാം ക്ലാസിലും മകൻ ഐസക് നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ഒരു മാസത്തെ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ടാണ് കുടുംബസമേതം ഇവർ കുവൈറ്റിൽ എത്തിയത്.