വിവരം നൽകാൻ 50 ദിവസം വൈകി; ഉദ്യോഗസ്ഥന് 12,500 രൂപ പിഴ
Sunday, July 21, 2024 7:07 PM IST
തിരുവനന്തപുരം: വിവരം നൽകാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12,500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്.
പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം കമ്മീഷനെ സമീപിച്ചത്. വിവരം നൽകാൻ കമ്മീഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്.
ജില്ലയിലെ ഒരു സ്കൂളിൽ കെഇആർ അധ്യായം 14 എ, റൂൾ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരനിയമനം നൽകുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചുവച്ചത്. കമ്മീഷന്റെ ഉത്തരവിനു ശേഷവും വിവരം നൽകാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12,500 രൂപ പിഴ ചുമത്തുകയായിരുന്നു.
ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡിഇഒ ഉറപ്പുവരുത്തി 30 നകം കമ്മീഷനെ അറിയിക്കണം. അല്ലെങ്കിൽ ആരിഫിനു ജപ്തി നടപടികൾ നേരിടേണ്ടിവരും.