മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകും
Sunday, July 21, 2024 12:34 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി മനോലോ മാര്‍ക്വേസിനെ നിയമിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. ഇഗോര്‍ സ്റ്റിമാക്കിന് പകരക്കാരനായാണ് മാര്‍ക്വേസിന്റെ നിയമനം.
നിലവില്‍ ഐഎസ്എല്‍ ക്ലബ് എഫ്സി ഗോവയുടെ പരിശീലകനാണ് മാര്‍ക്വേസ്. എഫ് സി ഗോവയുടെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ മാര്‍ക്വേസിന് വലിയ പ്രതിഫലം നല്‍കാതെ തന്നെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് നിയോഗിക്കാനാവുമെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രതീക്ഷ.മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. വരുന്ന ഐഎസ്എല്ലില്‍ ഗോവ പരിശീലകനായി തുടരുന്ന മാര്‍ക്വേസ് അവസാന രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനാകുമെന്നാണ് സൂചന.
202122 സീസണില്‍ ഹൈദരാബാദിന് ഐഎസ്എല്‍ കപ്പ് നേടിക്കൊടുത്ത മാര്‍ക്വേസ് അടുത്ത രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിലുമെത്തിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഗോവ പരിശീലകനായ മാര്‍ക്വേസ് ടീമിനെ മൂന്നാം സ്ഥാനത്തും എത്തിച്ചിരുന്നു.
ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റാകും മാര്‍ക്വേസിന്റെ ആദ്യ വെല്ലുവിളിയെന്നാണ് കരുതുന്നത്. വിയറ്റ്നാമും ലെബനനുമാണ് ഇന്ത്യക്ക് പുറമെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.