ഭീതി വിതച്ച് ചാന്ദിപുര വൈറസ്; ഗുജറാത്തിൽ രോഗികളുടെ എണ്ണം ഏഴായി
Saturday, July 20, 2024 11:40 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി. വിവിധ ജില്ലകളിലായി 58 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ വൈറസ് ബാധിച്ച് 20 പേരാണ് മരിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദ് നഗരത്തിൽ നിന്ന് രണ്ടു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തായി ഇതിനോടകം 87,000 പേരെയാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. സബർകാന്ത, ആരവല്ലി, പഞ്ചമഹൽ, മോർബി, വഡോദര, മെഹസന എന്നിവിടങ്ങളിലാണ് വൈറസ് ബാധിതരുളളത്.
സബർകാന്ത ജില്ലയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അടക്കമുള്ളവർ വെള്ളിയാഴ്ച ഇവിടെയെത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു.
അപകടകരമാം വിധം വൈറസ് പടർന്നുപിടിക്കുന്നതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വെള്ളിയാഴ്ച ആരോഗ്യ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു. വൈറസ് പടരുന്നത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ചർച്ച ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.